തിരഞ്ഞെടുക്കപ്പെട്ട 10 വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ യു  പി ഐ അഡ്രസ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. നോൺ റസിഡന്റ് ഇന്ത്യൻസിനാണ് (NRI) തങ്ങളുടെ ഇന്റർനാഷണൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് യു പി ഐ ഇടപാടുകൾ നടത്താൻ കഴിയുന്നത്. നിലവിൽ സിംഗപ്പൂർ, യു എസ്, ആസ്‌ത്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യാ, യു എ ഇ, യു കെ എന്നീ 10 രാജ്യങ്ങളിലുള്ളവർക്കാണ് തങ്ങളുടെ ഇന്റർനാഷണൽ നമ്പർ തന്നെ ഉപയോഗിച്ച് കൊണ്ട് അതായത് ഇന്ത്യൻ മൊബൈൽ നമ്പറിന്റെ സഹായമില്ലാതെ ഇടപാട് നടത്താൻ കഴിയുന്നത്. 

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള വിവരം അനുസരിച്ച് എൻ ആർ ഐ / എൻ ആർ ഒ അക്കൗണ്ടുകളും ഇന്റർനാഷണൽ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് പേയ്‌മെന്റ് നടത്തുന്നത്. ഇന്ത്യയിലേക്ക് പണം അയക്കുന്നതിനും മറ്റും ഇത് വളരെയധികം സഹായകരമാണ്. ഇത് ലഭ്യമാക്കാനുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ ഏപ്രിൽ 30 വരെ ബാങ്കുകൾക്ക് സമയം അനുവദിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളിലൂടെ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ലെന്നും, വിദേശ വിനിമയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും, ആർ ബി ഐ യുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ബാങ്കുകൾ ഉറപ്പു വരുത്തണം എന്നതാണ് നിബന്ധന.