രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഇതിനോടകം അതായത് 100 ദിവസത്തിനുള്ളിൽ 101 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലും 5ജി സേവനം വളരെ വേഗത്തിൽ എത്തിക്കുമെന്ന് ആദ്യം തന്നെ ജിയോ ഉറപ്പ് നൽകിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ഇതിനോടകം തന്നെ ജിയോ 5ജി അവതരിപ്പിച്ചിട്ടുണ്ട്. ഈ രംഗത്ത് ജിയോയുടെ പ്രധാന എതിരാളി എയർടെൽ ആണ്.
എയർടെൽ ഇതിനോടകം തന്നെ ഏതാണ്ട് 30 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചിരുന്നു. 5ജി യുമായി ബന്ധപ്പെട്ട് സ്പെക്ട്രം ലേലത്തിൽ നിന്ന് 1900 കോടി ഡോളറാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന ലേലത്തിൽ 5ജി സ്പെക്ട്രം വാങ്ങാൻ റിലയൻസ് ജിയോ 1100 കോടി ഡോളറിലധികമാണ് ചെലവഴിച്ചത്. 2023 അവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും 5ജി സേവനം ലഭ്യമാക്കുന്നതിനായി 2500 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ തന്നെ മൊത്തം മൊബൈൽ വിപണിയുടെ ഭൂരിഭാഗവും ജിയോ വരിക്കാരാണ്.