അനവധി ഓൺലൈൻ ഗെയിമുകളാണ് ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാകുന്നത്. ഇന്ന് യുവാക്കളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സമൂഹം തന്നെ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള ഗെയിം കമ്പനികളെ നിയന്ത്രിക്കാനുള്ള കരട് വിജ്ഞാപനം ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയം പുറപ്പെടുവിച്ചു. ഇന്ന് ഗെയിമുകൾ വഴിയുള്ള വാതുവെപ്പും വളരെയധികം കൂടുതലാണ് ഇനി മുതൽ ഇത് അനുവദിച്ചു കൊടുക്കില്ലെന്ന് ഇതിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ഇനി മുതൽ പ്രായപൂർത്തി ആയവർക്ക് മാത്രമാണ് ഗെയിം രജിസ്റ്റർ ചെയ്യാൻ കഴിയുക. അല്ലാത്ത പക്ഷം മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. ഗെയിമിങ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും, ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ സ്ത്രീകളുടെ സുരക്ഷാ ഉറപ്പ് വരുത്തുമെന്നും കരട് വിജ്ഞാപനത്തിൽ പറയുന്നു. ഇതിനു പുറമെ പാരിതോഷികങ്ങൾ വിതരണം ചെയ്യുന്നതിലും, ഗെയിമിങ് ഫീസുകൾ, ഗെയിമിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കുന്ന പണം പിൻവലിക്കൽ, അക്കൗണ്ട് രജിസ്‌ട്രേഷനുള്ള കെ വൈ സി നടപടിക്രമങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും ഇതിൽ പറയുന്നുണ്ട്. ജനുവരി 17 വരെ പൊതുജനങ്ങൾക്കും മറ്റുള്ളവർക്കും ഇതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ അറിയിക്കാം. അടുത്ത മാസം അവസാനത്തോട് കൂടി നിയമം പ്രാബല്യത്തിൽ വരും.