സമ്പാദ്യത്തിൽ നിന്ന് നല്ലൊരു പങ്കും ആഹാരത്തിനായി ചിലവാക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും, പക്ഷെ അത് ഒരു വർഷത്തിൽ 22 ലക്ഷം ഒക്കെ ആണെങ്കിലോ ? അത്തരത്തിലുള്ള ഒരു റിപ്പോർട്ട് ആണ് സൊമാറ്റോ പുറത്ത് വിട്ടിരിക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ ഓരോ വർഷത്തിന്റെയും അവസാനം തങ്ങളുടെ പ്ലാറ്റ്ഫോമിലെ ട്രെൻഡുകൾ പുറത്ത് വിടാറുണ്ട്. ഈ വർഷം സൊമാറ്റോയെ തന്നെ അതിശയിപ്പിച്ച ഒരു കസ്റ്റമർ ആണ് താരം. പൂനെ സ്വദേശിയായ ഇദ്ദേഹം ഏതാണ്ട് 22 ലക്ഷം രൂപയുടെ ആഹാരമാണ് സൊമാറ്റോ വഴി ഓർഡർ ചെയ്തിരിക്കുന്നത്. ഇദ്ദേഹം തന്നെയായിരിക്കണം ഈ വർഷത്തെ സൊമാറ്റോയുടെ മികച്ച കസ്റ്റമറും. മറ്റൊരു ഡെൽഹിക്കാരൻ ദിവസം 9 ഓഡറുകൾ വീതമാണ് നൽകി, മൊത്തം 3000 ൽ അധികം ഓർഡറുകളാണ് 2022 ൽ നടത്തിയിരിക്കുന്നത്. മാത്രമല്ല തങ്ങളുടെ ഒരു ഉപയോക്താവിന് 2022ൽ 6.96 ലക്ഷം രൂപയുടെ ഡിസ്കൗണ്ട് നൽകിയതായും സൊമാറ്റോ വെളിപ്പെടുത്തി.
2022 ലെ കണക്കനുസരിച്ച് ഓരോ മിനിറ്റിലും 186 ബിരിയാണികൾ വരെ ഡെലിവറി ചെയ്തു. ഭക്ഷണം വിതരണം ചെയ്യുന്ന കാര്യത്തിൽ സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഒട്ടും പിറകിലല്ല. സ്വിഗ്ഗി പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവം ബിരിയാണിയാണെന്ന് കമ്പനി വെളിപ്പെടുത്തി. ഭക്ഷണത്തിന്റെ കണക്ക് മാത്രമല്ല രസകരമായ മറ്റൊന്ന് കൂടിയുള്ളത് ബെംഗളൂരുവിൽ നിന്നുള്ള ഒരാൾ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങിയത് 16 ലക്ഷം രൂപക്കാണ്. കൊറിയൻ, ഇറ്റാലിയൻ വിഭവങ്ങൾ ഈ വർഷം സ്വിഗ്ഗി ഉപയോക്താക്കൾ ധാരാളം ഓർഡർ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇറ്റാലിയൻ പാസ്ത, പിസ്സ, മെക്സിക്കൻ ബൗൾ, സ്പൈസി റാമെൻ, സുഷി, രവിയോലി (ഇറ്റാലിയൻ), ബിബിംബാപ്പ് (കൊറിയൻ) ഇവക്കൊക്കെ മികച്ച ഓർഡറുകളാണ് 2022 ൽ ലഭിച്ചിട്ടുള്ളത്.