പ്രമുഖ ഇ-കൊമേഴ്‌സ് സ്റ്റാർട്ടപ്പ് കമ്പനിയായ മീഷോയുടെ വരുമാനം 2021-ൽ 792 കോടി രൂപയായിരുന്നു. എന്നാൽ 2022-ൽ ഇത് 4.5 മടങ്ങ് വർധിച്ച് 3,232 കോടി രൂപയിലെത്തി, കമ്പനിയുടെ നഷ്ടം ആകട്ടെ 6.5 മടങ്ങ് വർധിച്ച് 3,247 കോടി രൂപയായതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ആയ ടോഫ്ലർ പറയുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ പോലെയുള്ള വലിയ എതിരാളികളെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങളുടെ ഫലമായാകണം നഷ്ടം കൂടി വരുന്നത്. മറ്റുള്ള ഇ കോമേഴ്‌സ് സൈറ്റുകളെപ്പോലെ, സാധനങ്ങളുടെ വിൽപ്പനയിൽ വിൽപ്പനക്കാരിൽ നിന്ന് മീഷോ കമ്മീഷൻ ഈടാക്കുന്നില്ല. മറിച്ച് പരസ്യത്തിനുള്ള ഫീസ് ഈടാക്കിയാണ് കമ്പനി പണം ഉണ്ടാകുന്നത്. മാത്രമല്ല മീശോയുടെ സൈറ്റിൽ പരസ്യം ചെയ്യാൻ കൂടുതൽ പണം ചിലവഴിക്കുന്നവർക്കായി ആപ്പിൽ മികച്ച പ്രമോഷനും ലഭിക്കുന്നു. ഇത് വഴി ഇവർക്ക് ആദ്യത്തെ സെർച്ച് റിസൾട്ടുകളിൽ ഇടം പിടിക്കാനും കഴിയും.
സാമ്പത്തിക വർഷത്തിൽ പരസ്യവും ശമ്പളവും മറ്റ് ചെലവുകളും വർദ്ധിച്ചതിനാൽ കമ്പനിയുടെ മൊത്തം ചെലവ് 1,337 കോടി രൂപയിൽ നിന്ന് 6,607 കോടി രൂപയായി അതായത് നേരത്തെ ഉള്ളതിന്റെ അഞ്ചിരട്ടിയായി വർദ്ധിച്ചു. എംപ്ലോയീസ് ബെനിഫിറ്റ് ചെലവുകൾ 2021 സാമ്പത്തിക വർഷത്തിൽ 149 കോടിയിൽ നിന്ന് 2022 ൽ 3.4 മടങ്ങ് വർധിച്ച് 509 കോടിയായി. ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ടെലിവിഷനിലൂടെ തങ്ങളുടെ ആപ്പ് മികച്ച രീതിയിൽ പ്രമോട്ട് ചെയ്തതിനാൽ കമ്പനിയുടെ പരസ്യ ചിലവുകൾ 424 കോടി രൂപയിൽ നിന്ന് ആറിരട്ടി വർദ്ധിച്ച് 2,579 കോടി രൂപയായി. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ 2 നയങ്ങളും കമ്പനി അവതരിപ്പിച്ചിരുന്നു. വില കുറഞ്ഞ സാധനങ്ങൾക്ക് റിട്ടേൺ ഒഴിവാക്കുക എന്നതായിരുന്നു ആദ്യത്തെ നയം പിന്നീട് അടുത്തുള്ള പിക്ക് അപ്പ് പോയിന്റ് ൽ നിന്നും സാധനം ഡെലിവറി എടുക്കുന്ന രീതിയും അവതരിപ്പിച്ചു.