മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ബിഗ് ടെക് കമ്പനികൾ വളരെ വലിയ അളവിൽ തന്നെ ജീവനക്കാരെ പിരിച്ചുവിട്ട് കൊണ്ടിരിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് ദിനം പ്രതി കാണുന്നത്. ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ ജനുവരിയിൽ പ്രതിദിനം ശരാശരി 3,000 ടെക് ജീവനക്കാരെ പിരിച്ചുവിടുന്നു. ആഗോള സാമ്പത്തിക തകർച്ചയ്ക്കും മാന്ദ്യ ഭയത്തിനും ഇടയിൽ ഇത്തരത്തിലുള്ള പിരിച്ചുവിടൽ നടപടികൾ എല്ലാവർക്കും ആശങ്കകൾ തന്നെയാണ്.
166 ടെക് കമ്പനികൾ 65,000-ത്തിലധികം ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ അല്ലെങ്കിൽ അവിടെയുള്ള 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ കമ്പനികളും സ്റ്റാർട്ടപ്പുകളും ജീവനക്കാരെ പിരിച്ചുവിടുന്നതിൽ മുൻപന്തിയിൽ തന്നെയാണ്. ആഗോളതലത്തിൽ ടെക് തൊഴിലാളികൾക്ക് പൊതുവെ 2023 ഒരു മോശം വർഷമാണ്. സൈബർ-സുരക്ഷാ കമ്പനിയായ സോഫോസ് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ഏകദേശം 450 പേരെ പിരിച്ചുവിട്ടതും വാർത്തയിൽ ഇടം പിടിച്ചിരുന്നു.