കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി വകുപ്പിന്റെ ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപിച്ച അവാർഡിൽ വിവിധ വിഭാഗങ്ങളിലായി മൂന്ന് പുരസ്‌കാരങ്ങൾ കേരളം സ്വന്തമാക്കി. എല്ലാ മേഖലയും ഡിജിറ്റലായി വരുന്ന ഈ കാലഘട്ടത്തിൽ കേരളത്തിന് ലഭിച്ചിരിയ്ക്കുന്ന അവാർഡുകൾ ഏറെ നേട്ടവും അഭിമാനകാര്യവുമാണ്. ഇന്ന് ഒട്ടുമിക്ക എല്ലാ സർക്കാർ സേവനങ്ങൾക്കും ഉപയോക്താക്കൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും, സ്വന്തമായി ഇന്റർനെറ്റ് ഉപയോഗിച്ചും ഒക്കെ അപേക്ഷ നൽകാൻ കഴിയും. ജനന സർട്ടിഫിക്കറ്റ് , വിവാഹ സർട്ടിഫിക്കറ്റ് പോലെയുള്ള രേഖകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റത്തിന് പ്ലാറ്റിനം അവാർഡും, കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിന് ഗോൾഡ് മെഡലും, ക്ഷീരശ്രീ പോർട്ടലിന് സിൽവർ മെഡലുമാണ് അവാർഡായി ലഭിച്ചത്. ഡിജിറ്റൽ ഗവർണൻസ് പ്രക്രിയയെ ജനകീയമാക്കാനായി നിലവിലുള്ള സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്‍മെന്റ് സിസ്റ്റം. അറിവും നൈപുണിയും കൈമുതലായ വിജ്ഞാന സമൂഹമായി കേരളത്തെ വളർത്തിയെടുക്കാൻ ലക്ഷ്യബോധത്തോടെ മുന്നേറുകയാണ് എൽഡിഎഫ് സർക്കാരെന്നും വിരൽത്തുമ്പിൽ വിവരങ്ങളെത്തുന്ന ഈ ഇന്റർനെറ്റ് യുഗത്തിൽ ഭരണനിർവ്വഹണവും ജനസേവനവും ഡിജിറ്റൽ ആയേ തീരൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.