ലോകത്തെ തന്നെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയാണ് ബൈജൂസ്‌. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്കെത്താൻ കമ്പനിക്ക് കഴിഞ്ഞിരുന്നു. കോവിഡ് സമയത്ത് വീടിന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ഏറെ ആശ്വാസമായിരുന്നു ബൈജൂസ്‌. ഓൺലൈൻ ആയി ക്ലാസ് എടുക്കുന്നതോടൊപ്പം തന്നെ പാഠ ഭാഗങ്ങൾ ചിത്രങ്ങളായും പ്രസന്റേഷൻ ആയുമൊക്കെ നൽകിയതിലൂടെ കുട്ടികൾക്ക് ഇത് കൂടുതൽ ഇഷ്ടവും പ്രയോജനപ്രദവുമായി.

ഇപ്പോൾ കമ്പനിയുടെ ഓഹരി പങ്കാളിത്തം 40 ശതമാനമായി ഉയർത്താനുള്ള ഒരുക്കത്തിലാണ് ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ. നിലവിൽ ഓഹരി കൈവശമുള്ളവരിൽ നിന്നും 15 ശതമാനം ഓഹരികൾ തിരികെ വാങ്ങാനാണ് മലയാളി കൂടിയായ ഇദ്ദേഹം ശ്രെമിക്കുന്നത്. നിലവിൽ 25 ശതമാനം ഓഹരിയാണ് ബൈജുവിനും ഭാര്യ ദിവ്യക്കുമായുള്ളത്. ഓഹരികൾ തിരിച്ചു വാങ്ങുന്നതിനുള്ള പണം കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. 2200 കോടി ഡോളറാണ് കമ്പനിയുടെ മൂല്യം. അതായത് 1.80 ലക്ഷം കോടി രൂപ. ലാഭക്ഷമത ഉയർത്തുന്നതിന് ഭാഗമായി ബൈജൂസിൽ നിന്നും മൊത്തം ജീവനക്കാരുടെ അഞ്ച് ശതമാനം, അതായത് 2500 ഓളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.