ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ഷോപ്പിംഗിനായി ഉപയോഗിക്കുന്ന ഇ കോമേഴ്‌സ് വെബ്സൈറ്റ് ആണ് ഫ്ലിപ്കാർട്ട്. ഓഫറുകളിലൂടെ വിലയിലും മറ്റും കുറവ് ലഭിക്കുമെങ്കിലും ചിലപ്പോഴൊക്കെ ഓൺലൈൻ ഷോപ്പിങ് വലിയ തലവേദനകൾ സൃഷ്ടിക്കാറുണ്ട്. പണമടച്ചിട്ടും സാധനകൾ ലഭിക്കാത്തതും, ഓർഡർ ചെയ്ത സാധനങ്ങൾക്ക് പകരം മറ്റ് സാധനങ്ങൾ ലഭിക്കുകയും ചെയ്ത തരത്തിലുള്ള നിരവധി വാർത്തകൾ ഇതിനോടകം തന്നെ നമ്മൾ കേട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ബംഗളുരുവിലുള്ള ഒരു യുവതിക്ക് സംഭവിച്ചതും ഇങ്ങനെയൊന്ന് തന്നെയാണ്. ഒരു മൊബൈൽ വാങ്ങുന്നതിനായി മുഴുവൻ പണവും ഇ എം ഐ ആയി മുൻകൂട്ടി അടച്ചിട്ടും ഡെലിവറി എത്തിക്കുന്നതിൽ ഫ്ലിപ്കാർട്ട് പരാജപ്പെട്ടു.
2022 ജനുവരി 15 നാണ് ഫ്ലിപ്പ്കാർട്ടിൽ നിന്നും 12,499 രൂപ വിലയുള്ള ഫോൺ യുവതി ഓർഡർ ചെയ്തത്. എന്നാൽ പറഞ്ഞ സമയത്ത് മൊബൈൽ ലഭിച്ചില്ലെന്ന് മാത്രമല്ല നിരവധി തവണ ഇക്കാര്യം പറഞ്ഞ് ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ടെങ്കിലും മൊബൈൽ ഫോണോ , പണമോ തിരികെ നൽകാൻ ഫ്ലിപ്കാർട്ട് തയ്യാറായില്ല. ഇതിനെ തുടർന്നാണ് യുവതി ഫ്ലിപ്കാർട്ടിനെതിരെ പരാതി നൽകിയത്. സംഭവം അന്വേഷിച്ചതിന് ശേഷം അന്വേഷണ കമ്മീഷൻ ഫോണിന്റെ വിലയായ 12,499 രൂപയും, ഇതിന്റെ 12 ശതമാനം വാർഷിക പലിശയും, 20,000 രൂപ പിഴയും, നിയമ പരമായ ചിലവുകൾ വഹിക്കുന്നതിനുള്ള 10,000 രൂപയും അടക്കണമെന്ന് ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെടുകയായിരുന്നു. ഓർഡർ ഡെലിവറി ചെയ്യുന്നതിൽ ഫ്ലിപ്കാർട്ട് തികച്ചും അശ്രദ്ധ കാട്ടിയതായും അധാർമികമായി പെരുമാറിയതായും ബാംഗ്ലൂർ ഉപഭോക്‌തൃ കോടതി തങ്ങളുടെ ഉത്തരവിൽ വ്യക്തമാക്കി.