ലോകത്തകമാനമുള്ള എല്ലാ ടെക് കമ്പനികളും തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടുന്നതായുള്ള വാർത്തകൾ കഴിഞ്ഞ കുറെ നാളുകളായി കേൾക്കുന്നുണ്ട്. ആമസോൺ, ട്വിറ്റർ, സിസ്കോ തുടങ്ങി ഒട്ടുമിക്ക കമ്പനികളിലും ഇത് നടന്നിരുന്നു. ഇപ്പോഴിതാ ഇതിന് തൊട്ടു പിന്നാലെയായി തങ്ങളുടെ ജീവനക്കാരെ കുറക്കാനൊരുങ്ങുകയാണ് ഷെയർചാറ്റ്. ഇതിന്റെ വീഡിയോ ആപ്പ് ആയ മോജോയിൽ നിന്നാണ് തൊഴിലാളികളെ പറഞ്ഞയക്കാനൊരുങ്ങുന്നത്. ഏതാണ്ട് 500 ഓളം വരുന്ന ജീവനക്കാർക്ക് ഇതിലൂടെ തൊഴിൽ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഷെയർ ചാറ്റിൽ മുഴുവനായും 2200 ൽ അധികം ജീവനക്കാരാണുള്ളത് ഇതിൽ 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 500 കോടി രൂപയാണ് ഇപ്പോഴത്തെ ഷെയർ ചാറ്റിന്റെ വിപണിയിലെ മൂല്യം. സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിട്ടാലും ജീവനക്കാർക്ക് അവരവരുടെ കൈവശമുള്ള കമ്പനിയുടെ ലാപ്ടോപ്പുകൾ പോലുള്ളവ തിരിച്ചു നൽകേണ്ടതില്ല. മാത്രമല്ല പിരിച്ചുവിടൽ പാക്കേജിൽ നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളവും നൽകും. പിരിച്ചുവിടുന്ന ജീവനക്കാർക്ക് 2023 ജൂൺവരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകും, അതുമാത്രമല്ല 45 ദിവസം വരെ എടുക്കാത്ത ലീവ് എൻ ക്യാഷ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.