വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയുടെ സാങ്കേതിക പിന്തുണ ജനുവരി 10 നോട് കൂടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്ട് പ്രഖ്യാപിച്ചു. ഇവയിൽ ഇന്റർനെറ്റ് ബ്രൌസർ ഉപയോഗിച്ച് വർക്ക് ചെയ്യാൻ കഴിയുമെങ്കിലും സുരക്ഷയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളോ പുതിയ ഫീച്ചറുകളോ ഒന്നും തന്നെ ലഭ്യമാകില്ല. ഇത് കൂടാതെ webView2 ടൂളിനുള്ള പിന്തുണയും ജനുവരി 10 ന് നിർത്തലാക്കും. 2021 ലെ കണക്കുകൾ പ്രകാരം ഇപ്പോഴും ഏതാണ്ട് 10 കോടിയോളം ആളുകൾ വിൻഡോസ് 7 ആണ് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവ്വേ പ്രകാരം 2.7 കോടി കംപ്യൂട്ടറുകളിൽ പ്രവർത്തിക്കുന്നത് വിൻഡോസ് XP , 7 , 8 ഇവയിലേതെങ്കിലുമൊന്നാണ്. എഡ്ജ് ബ്രൌസർ നെ കൂടാതെ തന്നെ ഗൂഗിൾ ക്രോമും ഫെബ്രുവരി 7 ന് ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകാരണങ്ങൾക്കൊന്നും പിന്തുണ നൽകില്ല.
ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ഒഎസ് ആയിരുന്നു വിൻഡോസ് XP. ഇതിനു ശേഷം വിൻഡോസ് പുറത്തിറക്കിയ പതിപ്പായിരുന്നു വിൻഡോസ് വിസ്റ്റ, ഇത് ഉപയോക്താക്കൾക്ക് സ്വീകാര്യമായില്ല എന്നത് മാത്രമല്ല, പലരിലും മടുപ്പും ഉണ്ടാക്കി. ഇതിനു ശേഷമാണ് ഒരു തിരിച്ചു വരവെന്നോണം വിൻഡോസ് 7 ഇറക്കിയത്. എന്നാൽ ഇത് ഉപയോക്താക്കൾക്ക് വളരെ സ്വീകാര്യമായി മാറുകയും വേഗത്തിൽ തന്നെ ജനശ്രദ്ധ നേടുകയും ചെയ്തു.
ഉപയോഗിക്കുമ്പോഴുള്ള വേഗതയും ഇന്റർഫേസും തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണവും. പിന്നീട് ഇറങ്ങിയ വിൻഡോസ് 8 , 8.1 എന്നിവയും പ്രത്യേകിച്ച് ഉപയോക്താക്കൾക്കിടയിൽ ഇഷ്ട്ടം ഒന്നും ജനിപ്പിച്ചില്ല. ഇതിനേക്കാൾ ഭേദമായിരുന്നു പിന്നീട് ഇറങ്ങിയ വിൻഡോസ് 10. പക്ഷെ ഇതിനും കമ്പനി പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല, എങ്കിലും വിൻഡോസ് 11 ൽ കൂടുതൽ ഉപയോക്താക്കളെ ലഭിക്കുമെന്നാണ് മൈക്രോസോഫ്ട് പറയുന്നത്.