Paytm

പ്രധാന പേയ്‌മെന്റ് പ്ലാറ്റ്ഫോം ആയ പേടിഎം പേയ്‌മെന്റ് ബാങ്ക് സുരീന്ദർ ചൗളയെ തങ്ങളുടെ പുതിയ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചതായി പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ഞായറാഴ്ച റെഗുലേറ്ററി ഫയലിംഗിലൂടെ അറിയിച്ചു. മുൻ സി ഇ ഒ ആയിരുന്ന സതീഷ് കുമാർ ഗുപ്ത 2022 ഒക്ടോബറിൽ വിരമിച്ചിരുന്നു. ഇതിന് ശേഷം ദീപേന്ദ്ര സിംഗ് റാത്തോഡ് ആയിരുന്നു ഇടക്കാല സി ഇ ഒ ആയിരുന്നത്. ഇദ്ദേഹത്തിന് പകരമായാണ് സുരീന്ദർ ചൗള സി ഇ ഒ സ്ഥാനത്തേക്ക് വന്നത്. ഇതിന് മുൻപ് ആർ ബി എൽ ബാങ്കിന്റെ, ബ്രാഞ്ച് ബാങ്കിങ് തലവൻ ആയിരുന്ന ഇദ്ദേഹം പ്രധാനമായും നോക്കിയിരുന്നത്, കറണ്ട് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് ബേസ്, ചാനലുകളിലുടനീളമുള്ള ക്രോസ്സ് സെല്ലിങ് എന്നിവയുടെ വികസനമായിരുന്നു.  

2013-ൽ RBL ബാങ്കിൽ ചേരുന്നതിന് മുമ്പ്, ചൗള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ റീട്ടെയിൽ ബാധ്യതാ ഉൽപ്പന്ന ഗ്രൂപ്പിന്റെ (Retail Liability Product Group) തലവൻ ഉൾപ്പെടെയുള്ള സീനിയർ മാനേജ്‌മെന്റ് തസ്തികകളിൽ ഏകദേശം 12 വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. സുരീന്ദർ ചൗളയുടെ നിയമനത്തിന് പേടിഎം പേയ്‌മെന്റ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതി ലഭിച്ചിരുന്നു. പേയ്‌മെന്റ് ബാങ്കിന്റെ ചെയർമാനും പേടിഎം ബാങ്കിന്റെ സ്ഥാപകനുമായ വിജയ് ശേഖർ ശർമ്മയ്ക്ക് എന്റിറ്റിയിൽ 51% ഓഹരിയും, ലിസ്റ്റഡ് കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് ബാക്കി 49% ഓഹരിയുമാണുള്ളത്.