ലോകത്താകമാനം ആരാധകരേറെയുള്ള പ്രമുഖ ബ്രാൻഡ് ആണ് ആപ്പിൾ. മൊബൈലും കമ്പ്യൂട്ടറും തുടങ്ങി നിരവധി ബ്രാൻഡുകൾ ഇവരുടെ ഉൽപ്പന്നങ്ങളുടെ പട്ടികയിലുണ്ട്. ഇന്ത്യയിൽ ആദ്യമായി റീട്ടെയിൽ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുകയാണ് അമേരിക്കൻ ടെക് കമ്പനിയായ ആപ്പിൾ. ഇതിനോടകം തന്നെ ആപ്പിൾ തങ്ങളുടെ റീട്ടെയിൽ സ്റ്റോറിലേക്കുള്ള ജീവനക്കാരെ കണ്ടെത്താനും നിയമിക്കാനും തുടങ്ങിയതായി ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിസിനസ് വിദഗ്ധർ, ഓപ്പറേഷൻസ് എക്സ്പെർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ് എന്നിവ ഉൾപ്പെടുന്ന നിരവധി വ്യത്യസ്ത തരത്തിലുള്ള അവസരങ്ങളാണ് കമ്പനി പുതിയ ഉദ്യോഗാർത്ഥികൾക്കായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള നിരവധി ടെക് കമ്പനികൾ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ടിരിക്കുന്ന സമയത്താണ് ആപ്പിളിന്റെ പുതിയ നിയമനം എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്.
നേരത്തെ തന്നെ ടാറ്റ ഗ്രൂപ്പ് രാജ്യത്ത് മൊത്തമായി നൂറോളം ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുന്നതായി ഇതിനോടകം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനായി ക്രോമ സ്റ്റോർ ശൃംഖല നടത്തുന്ന ഇൻഫിനിറ്റി റീട്ടെയിലുമായി ആപ്പിൾ കൂടിചേരുന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രം ആയിരിക്കും ആദ്യം ആപ്പിൾ സ്റ്റോറുകൾ തുറക്കുക. പ്രധാനമായും മാളുകളിലും മറ്റും വലിയ നഗരങ്ങളിലുമാകും ഇന്ത്യയിൽ ആദ്യം ആപ്പിൾ സ്റ്റോറുകൾ തുറക്കുക. ഐഫോണുകൾ, ഐപാഡുകൾ, വാച്ചുകൾ, എന്നിവ മാത്രമാണ് ചെറിയ ആപ്പിൾ സ്റ്റോറുകളിൽ വില്പനയ്ക്ക് വയ്ക്കുക. എന്നാൽ ഐഫോണുകൾ മുതൽ മാക്ബുക്ക് കമ്പ്യൂട്ടർ വരെയുള്ള മുഴുവൻ ഉല്പന്നങ്ങളും വലിയ സ്റ്റോറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ലഭ്യമാകും.