ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തി ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയിരിക്കുകയാണ് വൈരങ്കോട് സ്വദേശിയായ പ്രണവ് എന്ന ഇരുപത്തിനാലുകാരൻ. ടെക്നോളജിക്കൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് അതിന്റെ സുരക്ഷയും. അത്കൊണ്ട് തന്നെ എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളും തങ്ങളുടെ സുരക്ഷാ ഉറപ്പാക്കാറുണ്ടെന്ന് മാത്രമല്ല സുരക്ഷയിൽ പിഴവ് കണ്ടെത്തുന്നവർക്ക് ഒട്ടേറെ അവസരങ്ങളും സമ്മാനങ്ങളും ഒക്കെ നൽകാറുണ്ട്. ഇങ്ങനെ ഒന്നാണിപ്പോൾ പ്രണവിനെയും തേടിയെത്തിയിരിക്കുന്നത്. ഉപഭോക്താവിന്റെ അനുവാദമില്ലാതെ ജിമെയിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്ന ഗൂഗിളിന്റെ സുരക്ഷാ പിഴവാണ് പ്രണവ് കണ്ടെത്തിയത്.
ഗൂഗിൾ നൽകുന്ന സേവനങ്ങളിലെ പിഴവ് കണ്ടെത്തുന്നവർക്ക് അവർ അംഗീകാരം നൽകുകയും തെറ്റ് കണ്ടെത്തുന്നവർക്ക് പ്രതിഫലം നൽകുകയും ചെയ്യാറുണ്ട്. ചൂണ്ടിക്കാണിക്കുന്ന പിഴവുകളും എണ്ണവും ഗൗരവും കണക്കിലെടുത്താണ് പ്രതിഫലം നിർണയിക്കുന്നത്. തിരൂരിലെ വൈരങ്കോട് പുതുക്കുടി വീട്ടിൽ രമേശ് ബാബുവിനെയും ലളിതയുടെയും മകനാണ് പ്രണവ്. ബിരുദാനന്തര ബിരുധം കരസ്ഥമാക്കിയ പ്രണവ് കഴിഞ്ഞ രണ്ട് വർഷമായി ചെന്നൈ ഫിലിപ്പ് കമ്പനിയിൽ സെക്യൂരിറ്റി എൻജിനീയറായി ജോലി ചെയ്തു വരികയാണ്.