2022 ഫിഫ ലോകകപ്പ് ജിയോസിനിമ ആപ്പിൽ സൗജന്യമായി കാണാനുള്ള അവസരം കമ്പനി ഒരുക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) 2023 സീസണിലെ ഡിജിറ്റൽ സംപ്രേക്ഷണത്തിന്റെ കാര്യത്തിലും സമാനമായ മോഡൽ പരീക്ഷിക്കാൻ റിലയൻസ് ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ. തൽസമയ സ്പോർട്സ് സ്ട്രീമിംഗ് വിപണിയിൽ വ്യക്തമായ കയ്യൊപ്പ് ചാർത്തുന്നതിനായി വ്യത്യസ്തമായ തന്ത്രങ്ങൾ ആലോചിച്ച് വരികയാണെന്ന് ദ ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർക്കറ്റ് ഷെയറിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി അതിസമ്പന്നരായ റിലൈൻസ് സൗജന്യമോ നിരക്കുകൾ കുറഞ്ഞതോ ആയ ഓഫറുകൾ വാഗ്ദാനം ചെയ്യാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എങ്കിലും മികച്ച രീതിയിൽ സ്ട്രീമിങ് കാണണമെങ്കിൽ സബ്സ്ക്രിപ്ഷൻ പാക്കേജുകൾ എടുക്കേണ്ടി വരും എന്നത് തുടർന്നേക്കും. റിലയൻസിന്റെ viacom 18 കഴിഞ്ഞവർഷം 23,758 കോടി രൂപ ചിലവഴിച്ചാണ് ഐപിഎല്ലിന്റെ 2023 - 2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ അവകാശങ്ങൾ വാങ്ങിയെടുത്തത്. പ്രാദേശിക ഭാഷകളിൽ ഐപിഎൽ സംപ്രേക്ഷണം ലഭ്യമാക്കാനും, ജിയോ സബ്സ്ക്രിപ്ഷൻ പാക്കേജുകൾ ചെയ്യുന്നത് വഴി സൗജന്യമായി ഐപിഎൽ കാണാനും, അല്ലാത്തപക്ഷം ജിയോ സിനിമയിൽ ഏതെങ്കിലും രീതിയിലുള്ള സൗജന്യ സ്ട്രീമിങ് ആക്സസ് ചെയ്യാൻ എതിരാളികളായ ടെലികോം കമ്പനികളുടെ ഉപയോക്താക്കളെ അനുവദിക്കാനും കമ്പനി പദ്ധതിയിടുന്നതായി വിവരങ്ങളുണ്ട്.