'ടൈംസ് ന്യൂ റോമൻ' എന്ന ഫോണ്ട് ഘട്ടംഘട്ടമായി നിർത്തുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. വൈകല്യമുള്ള വ്യക്തികൾക്കുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്തതാണ് ഈ തീരുമാനം. 'കാലിബ്രി' എന്ന ഫോണ്ട് ആണ് ഇനി മുതൽ 'ടൈംസ് ന്യൂ റോമൻ' ന്റെ സ്ഥാനത്ത് ഉണ്ടാകുക. വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടർ ജോൺ ഹഡ്‌സന്റെ ട്വീറ്റ് അനുസരിച്ച്, "ദി ടൈംസ് (ന്യൂ റോമൻ) ആർ എ-ചേഞ്ചിംഗ്" എന്ന വിഷയവുമായി ബന്ധപ്പെട്ട മാറ്റത്തെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തിറക്കിയ പ്രസ്താവനയിലൂടെ, ഇതിനോടകം തന്നെ ഇക്കാര്യം ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് സെക്രട്ടേറിയറ്റിന് സമർപ്പിക്കുന്ന എല്ലാ പേപ്പറുകൾക്കും 14-പോയിന്റ് ഫോണ്ടിലുള്ള സാൻസ് സെറിഫ് ഫോണ്ടായ കാലിബ്രി സ്വീകരിക്കാണമെന്ന് സെക്രട്ടറി ബ്ലിങ്കെൻ ഡിപ്പാർട്ട്‌മെന്റിനോട് നിർദ്ദേശിച്ചതായി പ്രസ്താവനയിൽ പറയുന്നു. ടൈംസ് ന്യൂ റോമിന് പകരമായി 2007 മുതൽ മൈക്രോസോഫ്റ്റിന്റെ ഡിഫോൾട്ട് ഫോണ്ടായിരുന്നു കാലിബ്രി. 2021-ൽ മൈക്രോസോഫ്റ്റ് ഓഫീസിലുടനീളം ഇത് ഡിഫോൾട്ട് ഫോണ്ടാക്കി മാറ്റുകയും ചെയ്തു. എൽ സി ഡി സ്‌ക്രീനുകളിൽ റെസല്യൂഷനുകൾ ഒപ്റ്റിമൈസ് ചെയ്ത മൈക്രോസോഫ്റ്റ്, 2000-ൽ അതിന്റെ ക്ലിയർടൈപ്പ് സാങ്കേതികവിദ്യ പുറത്തിറക്കിയ ശേഷം, കാലിബ്രി പോലുള്ള ഫോണ്ടുകൾ ടെക്‌സ്‌റ്റുകൾ വായിക്കുന്നത് കൂടുതൽ എളുപ്പത്തിലാക്കാൻ ഉപയോക്താക്കളെ സഹായിച്ചു.