കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ വിധി രാജ്യത്ത് സ്മാർട്ട്ഫോണുകൾക്ക് വില കൂടാൻ കാരണമാകും എന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. 2022 ൽ രണ്ട് വ്യത്യസ്ത കാരണങ്ങൾ കാണിച്ച് കൊണ്ട് സി സി ഐ ഗൂഗിളിന് 2273 കോടി രൂപയാണ് പിഴ ചുമത്തിയിരുന്നത്. ആൻഡ്രോയ്ഡ് മൊബൈൽ ഡിവൈസ് ഇക്കോ സിസ്റ്റത്തിലെ സ്ഥാനം ദുരുപയോഗം ചെയ്തതിന് 1337 കോടി രൂപയും പ്ലേസ്റ്റോർ വഴി തങ്ങളുടെ കുത്തക ദുരുപയോഗം ചെയ്തതിന് 936 കോടി രൂപയുമാണ് പിഴ ചുമത്തിയിരുന്നത്.
ഈ വിധിക്കെതിരെ ഗൂഗിൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മാത്രമല്ല ഇങ്ങനെയൊരു നീക്കം ആൻഡ്രോയിഡിന്റെ വളർച്ചയെ തടസ്സപ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിളിന്റെ ആപ്പുകൾ പ്രീ ഇൻസ്റ്റോൾ ചെയ്യാൻ മൊബൈൽഫോൺ നിർമ്മാതാക്കളുമായി ഗൂഗിൾ സഹകരിക്കുന്നുണ്ടെന്നും ആൻറിട്രസ്റ്റ് വാച്ച് ഡോഗ് സിസിഐ ആരോപിച്ചിരുന്നു. ആപ്പുകൾ പ്രീ ഇൻസ്റ്റോൾ ചെയ്യാൻ ഗൂഗിൾ മൊബൈൽ കമ്പനികളെ നിർബന്ധിക്കരുതെന്നും സി സി ഐ പറഞ്ഞു. രാജ്യത്ത് ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപകമാക്കാൻ ഉള്ള ശ്രമങ്ങൾക്ക് സിസിഐ യുടെ ഉത്തരവ് തിരിച്ചടിയാണെന്ന് ഗൂഗിൾ തങ്ങളുടെ ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നുണ്ട്.