ആമസോണും ട്വിറ്ററും മെറ്റയും എല്ലാം ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കികൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ പ്രധാനപ്പെട്ട ടെക് കമ്പനിയായ സിസ്കോയും തങ്ങളുടെ ജീവനക്കാരെ പിരിച്ച് വിടാൻ ഒരുങ്ങുകയാണ്. 2022 ടെക് ജീവനക്കാർക്ക് അത്ര ആശ്വസിക്കാൻ കഴിയുന്ന വർഷം ആയിരുന്നില്ല. 2023 ഉം ഏതാണ്ട് അങ്ങനെ തന്നെയാകുമെന്നാണ് തോന്നുന്നത്. ഏകദേശം എഴുന്നൂറോളം ജീവനക്കാരെയാണ് സിസ്കോ ഇതുവരെ പുറത്താക്കിയിരിക്കുന്നത്. ഹാർഡ്‌വെയർ എൻജിനീയറിങ്, സോഫ്റ്റ്‌വെയർ, പ്രോഗ്രാം മാനേജ്മെൻറ്, പ്രൊഡക്ട് ഡിസൈൻ, മാർക്കറ്റിങ് എന്നീ ഡിപ്പാർട്ട്മെൻറ്കളിൽ നിന്ന് ഇതിനോടകം തന്നെ പിരിച്ചുവിടൽ നടന്നു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചെലവുചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ച് വിടുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കമ്പനിയുടെ ഭാഗത്തുനിന്നും ഈ കാര്യത്തിൽ കൃത്യമായ ഔദ്യോഗിക വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.ഈയിടെയാണ് തങ്ങളുടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ആമസോൺ അറിയിച്ചത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ട പിരിച്ചുവിടൽ ബാധിച്ചേക്കാം. ആമസോണിന് പിന്നാലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെയിൽസ്ഫോഴ്‌സ് എന്ന സോഫ്റ്റ്‌വെയർ കമ്പനിയും തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങിയിരുന്നു.