അതിവേഗ ഇന്റർനെറ്റ് ആയ 5G വ്യാപിപ്പിക്കുന്നതോടൊപ്പം തന്നെ അതിന്  വിദഗ്ദ്ധരെയും വാർത്തെടുക്കേണ്ട ആവശ്യം ഏറെയാണ്. നിലവിൽ ടെലികോം രംഗത്ത് 1.4 ലക്ഷം ജീവനക്കാരുടെ കുറവുണ്ടെന്നാണ് കണക്കുകൾ. ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്താൻ 5ജി യുമായും അനുബന്ധ സാങ്കേതികവിദ്യകളുമായും ബന്ധപ്പെട്ട മേഖലകളിലിൽ സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ടെലികോം വകുപ്പ് സെക്രട്ടറി കെ രാജ രാമൻ പറഞ്ഞു. അതിവേഗം മാറ്റങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും വരുന്ന മേഖലയാണ് ടെലികോം. അതുകൊണ്ട് തന്നെ കൂടുതൽ അറിവും വൈദഗ്ധ്യവും ഉള്ളവരെ ഇവിടെ ആവശ്യമായി വരും. നിലവിൽ ഡൽഹി ആസ്ഥാനമായുള്ള ടെലികോം സെക്ടർ സ്കിൽ കൗൺസിലിന്റെ കണക്കുപ്രകാരം ഏകദേശം രണ്ട് കോടിയിലധികം വിദഗ്ധരെ 2025 നോട് കൂടി ഈ മേഖലയിൽ ആവശ്യമായി വരുമെന്ന് കരുതുന്നു.

ഇതിനോടകം തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട 58 കോഴ്സുകൾ ടി എസ് എസ് സി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ ബിരുദ വിദ്യാർത്ഥികൾക്ക് 5G അധിഷ്ഠിത ഓപ്ഷണൽ കോഴ്സ് എ ഐ സി ടി ഇ ആരംഭിച്ചു. മാത്രമല്ല പോളിടെക്‌നിക്കുകളിലും, ഐ ടി ഐ കളിലും മറ്റും നടത്തുന്ന ചില കോഴ്സുകൾ 5G ക്ക് അനുസൃതമായി പുനഃക്രമീകരിക്കണമെന്ന് നൈപുണ്യ വികസന മന്ത്രാലയത്തിനോട് ടെലികോം വികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 5G വ്യാപകമാകുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട് തുറന്നു കിടക്കുന്ന സാധ്യതകളെപ്പറ്റിയും എല്ലാ സംസ്ഥാന സർക്കാരുകളും ബോധവാന്മാരാകണമെന്നും അദ്ദേഹം പറഞ്ഞു.