ട്വിറ്ററിലെ 70 ശതമാനത്തോളം ജോലിക്കാരെ ഇലോൺ മസ്ക് പിരിച്ചുവിട്ടത് ഒട്ടേറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 44 ബില്ല്യൻ ഡോളർ മുടക്കി ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ ആണ് സ്ഥാപനത്തിലെ ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടത്. പിരിച്ചു വിടുന്ന സമയത്ത് ജീവനക്കാർക്ക് വാഗ്ദാനം ചെയ്തിരുന്ന നഷ്ടപരിഹാരം മൂന്നു മാസത്തെ ശമ്പളം ആയിരുന്നു. എന്നാൽ പിരിച്ചുവിട്ട് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് നഷ്ടപരിഹാരമായി അനുവദിച്ച തുക അവരിൽ ചിലർക്കെങ്കിലും ലഭിച്ചത്. എന്നാൽ ഇലോൺ മസ്ക് വാഗ്ദാനം ചെയ്ത മൂന്നു മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളം മാത്രമാണ് ജീവനക്കാർക്ക് ലഭിച്ചതെന്ന് ജീവനക്കാർ പറയുന്നു. ഇതുകൂടാതെ ജീവനക്കാർക്ക് അവരുടെ പ്രോറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണർ റിപ്പോർട്ടിലൂടെ പറയുന്നുണ്ട്. 

ഇതുമായി ബന്ധപ്പെട്ടുള്ള ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ആണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. പുതിയ സിഇഒ ആയി ചാർജ് എടുത്തതിന് ശേഷം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മാസ്ക് 7500 ഓളം വരുന്ന ട്വിറ്റർ ജീവനക്കാരിൽ നാലിൽ മൂന്ന് ഭാഗത്തെയും പിരിച്ചുവിട്ടത്. പിരിച്ചു വിടുന്ന സമയത്ത് മൂന്നു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്നായിരുന്നു മസ്‌ക് അന്ന് പറഞ്ഞത്. എന്നാൽ പിരിച്ചുവിട്ട പല ജീവനക്കാർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നുമാത്രമല്ല ലഭിച്ചവർക്ക്  വാഗ്ദാനം ചെയ്ത തുക അക്കൗണ്ടിൽ ലഭ്യമായതും ഇല്ല. നേരത്തെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇലോൺ മസ്ക്ന്റെ ഭാഗത്തു നിന്നും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട്  പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഇത് ട്വിറ്ററിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്.