വാട്സ്ആപ്പിൽ ഓൺലൈൻ ഉണ്ടെന്നുള്ള കാര്യം ആളുകളിൽ നിന്നും മറയ്ക്കാനുള്ള പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. 2022 വർഷത്തിൽ ഒട്ടേറെ പുതിയ അപ്ഡേറ്റുകളും സവിശേഷതകളുമാണ് വാട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുള്ളത്. അപ്ഡേറ്റുകൾ ഇറക്കുന്നതോടൊപ്പം തന്നെ ഉപയോക്താക്കളുടെ സുരക്ഷക്കും അഭിപ്രായങ്ങൾക്കും മുൻഗണന നൽകുന്നതിലും വാട്സ് ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ വാട്സ്ആപ്പ് ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ, ലാസ്റ്റ് സീൻ എന്നിവ ഒളിപ്പിക്കാനുള്ള സംവിധാനമാണ്. ആൻഡ്രോയിഡിലും ഐ ഫോണിലും ഉള്ള എല്ലാ ഉപയോക്താക്കൾക്കും ഇപ്പോൾ ഹൈഡ് ഓൺലൈൻ സ്റ്റാറ്റസ് ഫീച്ചറിലൂടെ തങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് ഹൈഡ് ചെയ്യാം.
ഈ ഫീച്ചറിലൂടെ നമ്മൾ ഓൺലൈനിൽ ഉണ്ടെങ്കിലും അത് നമ്മൾ തിരഞ്ഞെടുക്കുന്ന ആളുകളിൽ നിന്നും ഹൈഡ് ചെയ്യാൻ കഴിയും. ചാറ്റ് ചെയ്യാൻ താല്പര്യമില്ലാത്ത ആളുകളിൽ നിന്നും നമ്മൾ ഓൺലൈൻ ഉണ്ടെന്ന കാര്യം മറയ്ക്കാൻ ഈ ഫീച്ചർ ഉപയോഗിക്കാം. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഇത് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. ഈ ഫീച്ചർ ഉപയോഗിക്കാനായി നിങ്ങളുടെ വാട്സ്ആപ്പ് ഏറ്റവും പുതിയ വേർഷനിൽ തന്നെയാണ് എന്ന കാര്യം ഉറപ്പാക്കുക. അങ്ങനെ അല്ലെങ്കിൽ പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ കയറി വാട്സ്ആപ്പ് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുകയും വേണം. നാല് തരത്തിലുള്ള ഓപ്ഷനുകളാണ് ഇതിൽ ഉണ്ടാവുക. എവരിവൺ, മൈ കോൺടാക്റ്റ്സ്, നോവൺ, മൈ കോൺടാക്റ്റ്സ് എക്സപ്റ്റ്. ഇതിൽ തന്നെ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ സ്റ്റാറ്റസും ലാസ്റ്റ് സീനും ഹൈഡ് ചെയ്യാനുള്ള ഓപ്ഷനും നൽകുന്നുണ്ട്.