ഇലക്ട്രോണിക് അല്ലെങ്കിൽ മെക്കാനിക്കൽ ഉപകരണങ്ങൾ ഒരു ജീവനുള്ള മൃഗത്തിന്റെയോ മറ്റോ ശരീരത്തിൽ ഘടിപ്പിച്ച് ആ മൃഗത്തിന് സാധാരണയിലും അധികമായ കഴിവുകൾനൽകുന്ന പ്രവർത്തനങ്ങളെയാണ് അനിമൽ സൈബോർഗുകൾ എന്നറിയപ്പെടുന്നത്. ഉടൻ തന്നെ ഇത്തരത്തിൽ നിർമ്മിച്ച റിമോട്ട് നിയന്ത്രിത എലികൾ ഇന്ത്യൻ സായുധ സേനയ്ക്ക് ലഭ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന്റെ അസിമ്മെട്രിക് ലാബിൽ ഇത്തരത്തിലുള്ള അനിമൽ സൈബോർഗുകളുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. നിരവധി സയൻസ് ഫിക്ഷൻ സിനമകളിൽ ഇത്തരത്തിലുള്ള സൈബോർഗുകൾ കഥാപാത്രങ്ങളായിട്ടുണ്ട്.
സുരക്ഷയ്ക്കായി മാത്രമല്ല കൂടാതെ, ഗവേഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും എല്ലാം ഇത്തരത്തിലുള്ള അനിമൽസ് സൈബോർഗുകളെ ഉപയോഗിച്ചു വരുന്നുണ്ട്. ജീവികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു വർഷം മുമ്പ് തന്നെ ആരംഭിച്ച പ്രോജക്ട്, നിലവിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയയിലൂടെയാണ് എലികളുടെ ശരീരത്തിൽ ഇലക്ട്രോഡുകൾ ഘടിപ്പിക്കുന്നത്. പിന്നീട് റിമോട്ട് ഉപയോഗിച്ച് ഇവയേ നിയന്ത്രിക്കാനാകും. ആവശ്യമുള്ള സിഗ്‌നലുകളൊക്കെ ഇവയുടെ തലച്ചോറിലേക്ക് എത്തിക്കാൻ കഴിയും. സൈബോർഗുകളായി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം എലികളാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇന്ത്യ ആദ്യമായാണ് ഈ ടെക്നോളജിയിലേക്കെത്തുന്നതെങ്കിലും മറ്റ് വിദേശ രാജ്യങ്ങളിൽ ഇത് നേരത്തെ തന്നെ ഉപയോഗിച്ച് വരുന്നുണ്ട്.