ഇനി വരാനിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ചാറ്റ് ജിപിടി  ഉപയോഗിക്കുന്നത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നിരോധിച്ചതായി അധികൃതർ അറിയിച്ചു. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതലാണ് ആരംഭിക്കുന്നത്. ബോർഡ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് മൊബൈൽ ഫോൺ, ചാറ്റ് ജിപിടി ഉപയോഗിക്കാൻ കഴിയുന്ന ഡിവൈസുകൾ, മറ്റ് ഇലക്ട്രോണിക് വസ്തുക്കൾ തുടങ്ങിയവ ഒന്നും തന്നെ പരീക്ഷാ ഹാളിൽ അനുവദിക്കുന്നതല്ല.

പരീക്ഷ ഹാളിൽ ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് പരീക്ഷയിൽ മറ്റുള്ള അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിന് തുല്യമാകുമെന്ന് ബോർഡ് അധികൃതർ പറഞ്ഞു. നിങ്ങൾ അന്യായമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അത്തരത്തിലെന്തെങ്കിലും കണ്ടെത്തിയാൽ, നിങ്ങളെ അൺഫെയർ മീൻസ് (UFM) ആക്ടിവിറ്റി പ്രകാരം കാണുകയും, കൂടാതെ ബോർഡിന്റെ നിയമങ്ങൾ അനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുമെന്ന് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡിൽ ഒരു ജാഗ്രതാ നിർദ്ദേശമുണ്ട്. ഇതിനോടൊപ്പം തന്നെ സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന വ്യാജ വീഡിയോകളിലും സന്ദേശങ്ങളിലും വിശ്വസിക്കരുത് എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും പറയുന്നുണ്ട്.