ചൈനീസ് വായ്പകൾക്കും വാതുവെപ്പ് ആപ്പുകൾക്കുമെതിരായ നിരന്തരമായ പരാതികളെത്തുടർന്ന്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എം എച്ച് എ) നിർദ്ദേശപ്രകാരം ചൈനീസ് ലിങ്കുകളുള്ള 138 വാതുവെപ്പ് ആപ്പുകളും 94 ലെൻഡിംഗ് ആപ്പുകളും നിരോധിക്കാനുള്ള നടപടികൾ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ആരംഭിച്ചു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, മൂന്നാം കക്ഷി ലിങ്ക് വഴി പ്രവർത്തിക്കുന്ന അത്തരം ആപ്പുകൾ നിരോധിക്കാൻ MHA അടുത്തിടെ MeitY ന് നിർദ്ദേശം നൽകിയിരുന്നു.
ഈ ആപ്പുകളെല്ലാം ഐടി നിയമത്തിലെ സെക്ഷൻ 69 ലംഘിക്കുന്നതായും ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായി കണക്കാക്കുന്ന കാര്യങ്ങൾ അടങ്ങിയതാണെന്നും കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം, ഈ ആപ്പുകൾ വായ്പകളുടെ പലിശ 3,000 ശതമാനം വരെ വർദ്ധിപ്പിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ആളുകളെ കടക്കെണിയിൽ കുടുക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്ത്രത്തിൽ കടക്കെണിയിൽ അകപ്പെട്ട പലരും, ആപ്പുകളിൽ ജോലി ചെയ്യുന്നവർ മാനസികമായി ഉപദ്രവിച്ചത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.