2050 ൽ ഫോണുകൾ നിർമ്മിക്കാൻ 100 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാൻ സാംസങ് പദ്ധതിയിടുന്നു
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ എല്ലാ പുതിയ മുൻനിര ഗാലക്‌സി സ്‌മാർട്ട്‌ഫോണുകളിലും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാനും 2025-ഓടെ പാക്കേജിംഗിൽ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും പദ്ധതിയിട്ടതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വരും വർഷങ്ങളിൽ തങ്ങളുടെ എല്ലാ സ്‌മാർട്ട്‌ഫോൺ ഉൽപ്പന്നങ്ങളിലേക്കും പരിസ്ഥിതി ബോധമുള്ള വസ്തുക്കളുടെ ഉപയോഗം വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാംസങ് ഇലക്‌ട്രോണിക്‌സ് പറഞ്ഞു.
2050-ഓടെ എല്ലാ സ്മാർട്ട്‌ഫോൺ ഉൽപ്പന്നങ്ങളിലും 100 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ഭാഗങ്ങൾ ഉപയോഗിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഫെബ്രുവരി ആദ്യം, ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നിങ്ങനെയുള്ള മൂന്ന് മുൻനിര സ്മാർട്ട്‌ഫോൺ മോഡലുകൾ അവതരിപ്പിച്ചിരുന്നു. സാംസങ്ങിന്റെ ഗാലക്‌സി എസ് 23 അൾട്രാ പരിസ്ഥിതി ബോധമുള്ള വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ഇന്റെർണലും എക്സ്ടെർണലുമായ 12 ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഗാലക്‌സി S23 അൾട്രയിൽ, പിൻവശത്തെ ഗ്ലാസിലും ഫ്രണ്ട് കെയ്‌സിലും ഉപേക്ഷിച്ച പെറ്റ് ബോട്ടിലുകളിൽ നിന്ന് റീസൈക്കിൾ ചെയ്‌ത പ്ലാസ്റ്റിക്കുകളും, സൈഡ് കീ, വോളിയം കീ, സിം ട്രേ എന്നിവയിൽ റീസൈക്കിൾ ചെയ്‌ത അലുമിനിയവും ഉപയോഗിക്കുന്നുണ്ട്.