ഐഫോൺ ഉപയോക്താക്കൾക്ക് വാട്സ് ആപ്പിൽ ഉടൻ തന്നെ 2GB വരെ വലിപ്പമുള്ള ഫയലുകൾ പങ്കിടാൻ കഴിഞ്ഞേക്കും
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് അടുത്തിടെ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ നാല് പുതിയ ഫീച്ചറുകൾ പുറത്തിറക്കിയിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെയായി ഐഫോണിൽ 2 ജിബി വരെ വലുപ്പമുള്ള ഡോക്യുമെന്റുകൾ പങ്കിടാനുള്ള ഫീച്ചർ അവതരിപ്പിക്കുന്നതിനായി വാട്സ് ആപ്പ് പ്രവർത്തിക്കുന്നുവെന്നാണ് റിപോർട്ടുകൾ. ഐഒഎസ് ആപ്പിന്റെ ഭാവി അപ്‌ഡേറ്റിൽ ഈ ഫീച്ചർ പുറത്തിറക്കാൻ വാട്സ് ആപ്പ് പദ്ധതിയിട്ടിട്ടുണ്ട്.
“2 ജിബി വരെ വലുപ്പമുള്ള ഡോക്യുമെന്റുകൾ പങ്കിടാനുള്ള സൗകര്യം ഉടൻ തന്നെ വാട്സ് ആപ്പിൽ ലഭ്യമാക്കുവാൻ വാട്സ് ആപ്പ് ആഗ്രഹിക്കുന്നുവെന്നും, ഇത് വലിയ ഡോക്യൂമെന്റുകൾ പങ്കിടുന്നത് എളുപ്പമാക്കുന്നു,” എന്നും വാട്സ് ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, 2 ജിബി വരെ വലുപ്പമുള്ള ഡോക്യുമെന്റുകൾ ഇത് വഴി ഉപയോക്താക്കൾക്ക് പങ്കിടാൻ സാധിക്കും, ഇത്തരത്തിലുള്ള വലിയ ഡോക്യുമെന്റുകൾ വേഗത്തിൽ പങ്കിടുന്നതിന് ഒരു വൈഫൈ കണക്ഷൻ വാട്സ് ആപ്പ് ശുപാർശ ചെയ്യുന്നുണ്ട്.