മൂന്ന് വർഷം മുമ്പ് ദേശീയ സുരക്ഷാ കാരണങ്ങളാൽ ഹ്രസ്വ വിഡിയോകൾ നിർമ്മിക്കുന്ന ടിക് ടോക്ക് ഇന്ത്യ നിരോധിച്ചിരുന്നു. അതിനുശേഷം, ടിക് ടോക് ഒരു ഓഫീസ് നടത്തി വരുന്നുണ്ടെങ്കിലും ഇപ്പോൾ ഇന്ത്യയിലെ എല്ലാ ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. ടിക് ടോക്കിന്റെ ഇന്ത്യൻ ജീവനക്കാർ ദുബായ്, സൗത്ത് അമേരിക്ക തുടങ്ങിയ വിപണികളുടെ ചുമതലയാണ് വഹിച്ചിരുന്നത്. ബൈറ്റ്ഡാൻസ് ഇന്ത്യൻ സർക്കാരുമായി ഏർപ്പെടാനിരുന്ന കരാർ പരാജയപ്പെട്ടതിനെത്തുടർന്ന്, മൂന്ന് വർഷത്തിന് ശേഷം മുഴുവൻ ഇന്ത്യൻ ടീമിനെയും പിരിച്ചുവിടാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ ആഗോള, പ്രാദേശിക സെയിൽസ് ടീമുകൾക്ക് പിന്തുണ നൽകുന്നതിനായി 2020 അവസാനത്തോടെ ആരംഭിച്ച ഞങ്ങളുടെ ഇന്ത്യ റിമോട്ട് സെയിൽസ് സപ്പോർട്ട് ഹബ് അടച്ചുപൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ജീവനക്കാരെയും ഞങ്ങളുടെ കമ്പനിയിൽ അവർ ചെലുത്തുന്ന സ്വാധീനത്തെയും ഞങ്ങൾ വളരെയധികം അഭിനന്ദിക്കുന്നു, മാത്രമല്ല ഈ പ്രയാസകരമായ സമയത്ത് അവരെ പിന്തുണയ്ക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും എന്ന് ഒരു പ്രസ്താവനയിൽ, ടിക് ടോക്ക് വക്താവ് പറഞ്ഞു. ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിക് ടോക്കിന്റെ ഇന്ത്യൻ ഓഫീസിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 40 ആയിരുന്നു, ഇവർക്ക് ഒമ്പത് മാസത്തെ ശമ്പളം നൽകുമെന്ന് കമ്പനി പറയുന്നുണ്ട്.