ചെലവ് ചുരുക്കാനും, നഷ്ടത്തിലേക്ക് പോകുന്ന സോഷ്യൽ മീഡിയ സേവനം ലാഭകരമാക്കാനുമുള്ള എലോൺ മസ്‌കിന്റെ ദൗത്യത്തിന്റെ ഭാഗമായി ട്വിറ്റർ അതിന്റെ മൂന്ന് ഇന്ത്യയിലെ ഓഫീസുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി. കൂടാതെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിലെയും സാമ്പത്തിക കേന്ദ്രമായ മുംബൈയിലെയും ഓഫീസുകളാണ് നിലവിൽ ട്വിറ്റർ അടച്ചു പൂട്ടിയത്.
കൂടാതെ ബംഗളൂരുവിലെ ടെക് ഹബ്ബിൽ ഒരു ഓഫീസ് ഇപ്പോഴും പ്രവർത്തിക്കുന്നത് തുടർന്നു എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബറിൽ, ഇലോൺ മസ്‌ക് ഇന്ത്യയിലെ 90 ശതമാനത്തിലധികം അതായത് ഏകദേശം 200-ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആഗോളതലത്തിൽ, ഇപ്പോൾ ട്വിറ്റർ അതിന്റെ 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു.ക്യാപിറ്റഗ്രീൻ കെട്ടിടം വിട്ട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് ട്വിറ്റർ ഇമെയിൽ വഴിയാണ് തീരുമാനത്തെക്കുറിച്ച് ജീവനക്കാരെ അറിയിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.