ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ ടെക്നോളജി ആണ് ചാറ്റ് ജിപിടി. ടെക്  ലോകത്ത് ഇപ്പോൾ ഏറെ ചർച്ചാവിഷയം ആയിരിക്കുന്ന ഒന്നുകൂടിയാണ് ചാറ്റ് ജിപിടി. 2022 നവംബർ 30ന് ആർട്ടിഫിഷ്യൽ ഗവേഷണ കമ്പനിയായ ഓപ്പൺ എ ഐ അവതരിപ്പിച്ച ഒരു ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. നിലവിൽ ഇതിൻറെ ബീറ്റാ വേർഷൻ ആണ് ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മുതൽ കണ്ടെന്റുകൾ വരെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എഴുതി പൂർത്തിയാക്കാൻ കഴിയുന്ന ചാറ്റ് ജിപിടി ക്ക് ജനശ്രദ്ധ പിടിച്ച് പറ്റാൻ അധികം സമയമൊന്നും ആവശ്യമായി വന്നില്ല. പുറത്തിറങ്ങി ഏതാണ്ട് 5 ദിവസം ആയപ്പോൾ തന്നെ ഈ ചാറ്റ് ബോട്ട് ഉപയോഗിക്കുന്നവരുടെ എണ്ണം ഒരു മില്യൻ കടന്നിരുന്നു, എന്ന് മാത്രമല്ല ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പത്ത് കോടി ഉപയോക്താക്കളെ സ്വന്തമാക്കുന്ന പ്ലാറ്റ്ഫോം എന്ന നേട്ടവും ചാറ്റ് ജിപിടി കൈവരിച്ചു. ടെക്നോളജി ഭീമൻമാരായ ഫെയ്സ്ബുക്കിനെയും ഗൂഗിളിനെ യുമൊക്കെ മറികടന്നാണ് ചാറ്റ് ജിപിടി ഈ നേട്ടങ്ങൾ സ്വന്തമാക്കുന്നത്.

ഇപ്പോൾ കൊളംബിയയിലെ ഒരു ജഡ്ജ് ഒരു കേസിന്റെ ഭാഗമായി ചാറ്റ് ജിപിടി യുടെ സഹായം സ്വീകരിച്ചതാണ് വലിയ വിവാദത്തിന് കാരണമായിരിക്കുന്നത്. ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ ചികിത്സ സംബന്ധിച്ച അവകാശങ്ങളുമായി ബന്ധപ്പെട്ട കേസിൽ ചാറ്റ് ജിപിടി യുടെ സാധ്യത ഉപയോഗിച്ചതായി ജഡ്ജി സമ്മതിച്ചിട്ടുണ്ട്.രക്ഷകർത്താക്കൾക്ക് പണമടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഓട്ടിസം ബാധിച്ച കുട്ടിയുടെ ഇൻഷുറൻസ് അതുപോലെയുള്ള എല്ലാ ചികിത്സാ ചെലവുകളും വഹിക്കണമോ ? എന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനത്തിലാണ് കാർട്ടജീനയിലെ ജഡ്ജിയായ ജുവാൻ മാനുവൽ പാഡിയ ചാറ്റ് ജിപിടി യുടെ സഹായം തേടിയത്.

കൂടാതെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പറഞ്ഞതനുസരിച്ച് ഓട്ടിസം ബാധിച്ച എല്ലാ ബില്ലുകളും ഇൻഷുറൻസ് കവർ ചെയ്യണം എന്ന നിഗമനത്തിൽ അവസാനം എത്തി ചേരുകയും ചെയ്തു. പക്ഷെ 2022ലെ കൊളംബിയ നിയമം 2213 അനുസരിച്ചാണ് ജഡ്ജി, ചാറ്റ് ജിപിടി വിധിപറയാൻ നേരം ഉപയോഗിച്ചതെന്ന് അധികൃതർ പറയുന്നുണ്ട്. ഈ നിയമപ്രകാരം ചില സന്ദർഭങ്ങളിൽ ഇത്ത്രത്തിലുള്ള വെർച്ച്വൽ ടൂളുകൾ ഒരു കേസിൽ ഉപയോഗിക്കാമെങ്കിലും ജഡ്ജിയുടെ ഈ തീരുമാനത്തെ ചില സഹപ്രവർത്തകരും എതിർത്തുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.