വാട്സ് ആപ്പ് കോളുകൾ വ്യക്തിഗത ആവശ്യങ്ങൾക്കും ജോലി ആവശ്യങ്ങൾക്കും ഉപയോഗപ്രദമായിരിക്കുന്നു. വീഡിയോ, ഓഡിയോ രൂപങ്ങളിൽ ദശലക്ഷക്കണക്കിന് മിനിറ്റുകളോളം കോൾ ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. പക്ഷെ നിലവിൽ വാട്സ് ആപ്പിലൂടെ കോൾ ചെയ്യുന്നതിന് നിശ്ചിത ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായി വാട്സ് ആപ്പ് തുറന്നതിന് ശേഷം വിളിക്കേണ്ട കോൺടാക്ട് അല്ലെങ്കിൽ ഗ്രൂപ്പ് തിരഞ്ഞെടുക്കുക, തുടർന്ന് കോൾ ചെയ്യുന്നതിനായി ഇന്റർഫേസിന്റെ മുകളിൽ വലതുവശത്തുള്ള കോൾ ഐക്കണിൽ ടാപ്പ് ചെയ്യുന്നത് വഴി വീഡിയോ കോൾ ചെയ്യാവുന്നതാണ്.
എന്നാൽ ഇപ്പോൾ ഹോം സ്‌ക്രീനിൽ വാട്സ് ആപ്പ് കോളിനായുള്ള ഷോർട് കട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ് ആപ്പ്. WABetaInfo-യിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫോണിന്റെ മെയിൻ സ്ക്രീനിൽ ആ വ്യക്തിക്ക് കുറുക്കുവഴിയിലൂടെ സ്പീഡ് ഡയലിൽ ബന്ധപ്പെടാൻ വാട്സ് ആപ്പ് അനുവദിക്കും. ഒരാളെ പതിവായി വിളിക്കുന്ന ആളുകൾക്ക് ഈ ഓപ്ഷൻ വളരെയധികം ഉപയോഗപ്രദമാണ്.