പാസ്‌പോർട്ട് പരിശോധനയുടെ സുപ്രധാന സർക്കാർ സേവനത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രാലയം (MEA) പുറത്തിറക്കിയ ഏറ്റവും പുതിയ ആപ്ലിക്കേഷൻ ആണ് എം പാസ്പോർട്ട്. പാസ്‌പോർട്ട് ഇഷ്യൂവിനുള്ള പോലീസ് വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ലളിതമാക്കാനും ത്വരിതപ്പെടുത്താനും പുതിയ ആപ്ലിക്കേഷൻ വളരെയധികം സഹായകമാണ്. പാസ്‌പോർട്ടുകൾ നൽകുന്ന പ്രക്രിയയിലെ ഒരു നിർണ്ണായകമായ ഘടകമാണ് പോലീസ് വെരിഫിക്കേഷൻ. മാത്രമല്ല കാലക്രമേണ നിരവധി മെച്ചപ്പെടുത്തലുകൾക്ക് വിധേയമായ ഒരു പ്രക്രിയ കൂടിയാണ് പോലീസ് വെരിഫിക്കേഷൻ. നിർണായകമായ ഈ നടപടിക്രമം കൂടുതൽ വേഗത്തിലാക്കാനും മെച്ചപ്പെടുത്തുന്നതിനുമാണ് മന്ത്രാലയം എം പാസ്പോർട്ട് പോലീസ് ആപ്പ് പുറത്തിറക്കിയത്. 

ഡൽഹി പോലീസിന്റെ 76-ാമത് റൈസിംഗ് ഡേ പരേഡിലാണ് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇത്തരത്തിലുള്ള പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചത്. പുതിയ രീതി അനുസരിച്ച് ഡൽഹിയിൽ പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന ആർക്കും പോലീസ് വെരിഫിക്കേഷനായി 15 ദിവസം കാത്തിരിക്കേണ്ടതില്ല. വെരിഫിക്കേഷൻ പ്രക്രിയയിലുടനീളം ടാബ്ലെറ്റുകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാസ്പോർട്ട് വെരിഫിക്കേഷന് നേരത്തെ ആവശ്യമായ 15 ദിവസത്തിൽ നിന്ന് 5 ദിവസമായി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ പാസ്‌പോർട്ട് വിതരണത്തിനുള്ള സമയം 10 ​​ദിവസം കുറയും.


Image Source : Google