ചാറ്റ് ജിപിടി യെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിലുള്ള വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾ നിർമ്മിക്കുന്നതിൽ മുൻനിര സംരംഭങ്ങളെ ചൈനയുടെ തലസ്ഥാനമായ ബീജിംഗ് പിന്തുണയ്ക്കുമെന്ന് നഗരത്തിന്റെ എക്കണോമി ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി ബ്യൂറോ തിങ്കളാഴ്ച അറിയിച്ചു. ഒരു ഓപ്പൺ സോഴ്‌സ് ഫ്രെയിം വർക്ക് നിർമ്മിക്കുന്നതിനും, അടിസ്ഥാന ഡാറ്റയുടെ വിതരണം ത്വരിതപ്പെടുത്തുന്നതിനും, നിക്ഷേപം നടത്തുന്നതിനും പ്രധാന സ്ഥാപനങ്ങളെ നഗരം പിന്തുണയ്ക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഒക്ടോബറിലെ കണക്കനുസരിച്ച് പ്രധാനപ്പെട്ട 1,048 എ ഐ കമ്പനികൾ അല്ലെങ്കിൽ രാജ്യത്തെ മൊത്തം കമ്പനികളുടെ 29 ശതമാനവും ബെയ്ജിംഗിലാണ് സ്ഥിതി ചെയ്യുന്നത്. കഴിവുകളെ വളർത്തിയെടുക്കാനും ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ ഗവേഷണം നടത്താനുമുള്ള വഴികൾ പരിശോധിക്കുമെന്നും ബ്യൂറോ പറഞ്ഞു. മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺ എ ഐ യുടെചാറ്റ്‌ബോട്ട് ചാറ്റ്‌ ജി പി ടി ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്.