ന്യായമായ കാരണമൊന്നുമില്ലെങ്കിൽ ഒരു റീട്ടെയിലറുമായും മൊബൈൽ നമ്പർ പങ്കിടരുതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു ട്വിറ്റർ ഉപയോക്താവ് ഡൽഹിയിലെ ഐജിഐ എയർപോർട്ടിലെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷം ആണ് ഇത് പറഞ്ഞത്. ഐജിഐ വിമാനത്താവളത്തിലെ ഒരു പുസ്തകശാലയിൽ നിന്നും സാധനം വാങ്ങാൻ പോയപ്പോൾ തന്റെ ഫോൺ നമ്പർ പങ്കുവയ്ക്കാൻ അവർ ആവശ്യപ്പെട്ടതായി ഒരു സ്വതന്ത്ര ഫണ്ടിംഗ് ഓർഗനൈസേഷന്റെ സ്ഥാപകൻ കൂടിയായ ദിനേഷ് എസ് താക്കൂർ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചിരുന്നു.

തന്റെ ഫോൺ നമ്പർ പങ്കിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കടയുടമയോട് ചോദിച്ചപ്പോൾ, അത് സുരക്ഷാ ആവശ്യങ്ങൾക്ക് ആണെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ, സുരക്ഷാ ഘടകം എന്താണെന്നതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന് പ്രതികരണമൊന്നും ലഭിച്ചതുമില്ല. കാരണം പോലും അന്വേഷിക്കാതെ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തിയ ധാരാളം ആളുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും താക്കൂർ തന്റെ ട്വീറ്റിൽ പറയുന്നു. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ബിൽ നിയമമാകുന്നതോടെ ഇന്ത്യക്കാരുടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിപ്പിക്കുമെന്ന് മന്ത്രി ചന്ദ്രശേഖർ പറഞ്ഞു.