മതത്തിനെതിരായ പരാമർശം നീക്കം ചെയ്യാത്തതിനെ തുടർന്ന് പാകിസ്ഥാനിൽ വിക്കിപീഡിയയ്ക്ക് നിരോധനമേർപ്പെടുത്തി. പാക് വെബ്സൈറ്റായ ദി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായല്ല സമൂഹമാധ്യമങ്ങൾക്കും വെബ്സൈറ്റുകൾക്കും മറ്റും പാക് സർക്കാർ വിലക്ക് ഏർപ്പെടുത്തുന്നത്. 2012 ൽ ഇസ്‌ലാം വിരുദ്ധതയുള്ള തരത്തിലുള്ള സിനിമകൾ പുറത്തിറക്കുന്നെന്ന് ആരോപിച്ച് 700 ലേറെ യൂട്യൂബ് ലിങ്കുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. വിക്കിപീഡിയയിൽനിന്ന് വിദ്വേഷ പരാമർശം നീക്കം ചെയ്താൽ വെബ്സൈറ്റ് പുനസ്ഥാപിക്കും എന്നാണ് പാക് അധികൃതർ അറിയിച്ചിട്ടുള്ളത്.
വിദ്വേഷ പരാമർശം നീക്കിയില്ലെങ്കിൽ ബ്ലോക്ക് ചെയ്യുമെന്ന് കാണിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഏതാണ്ട് 48 മണിക്കൂർ വിക്കിപീഡിയയുടെ സേവനം പാക് ടെലികോം അതോറിറ്റി മരവിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നടപടി. മതനിന്ദാ പരമായ കണ്ടെന്റുകൾ നീക്കം ചെയ്യണം എന്നുള്ള നിർദേശം വിക്കിപീഡിയ പാലിക്കുകയോ അധികാരികൾക്ക് മുന്നിൽ ഹാജരാക്കുകയും ചെയ്തിട്ടില്ലെന്ന് പി ടി എ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം എന്ത് തരം വിവരങ്ങളാണ് വിക്കിപീഡിയ യോട് നീക്കംചെയ്യാൻ ആവശ്യപ്പെട്ടതെന്ന് ഇത് വരെയും വ്യക്തമല്ല.