ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ട്വിറ്റർ ബ്ലൂ ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി പുറത്തിറക്കി. ഇതോട് കൂടി, ട്വിറ്റർ ബ്ലൂ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, സൗദി അറേബ്യ, കാനഡ, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുൾപ്പെടെ 15 രാജ്യങ്ങളുടെ വിപണികളിൽ ലഭ്യമാണ്. അക്കൗണ്ടിന്റെ ആധികാരിത ഉറപ്പാക്കാനുള്ള ബ്ലൂ ടിക്ക് ലഭിക്കാൻ വേണ്ടിയാണ് ഇത് സബ്സ്ക്രൈബ് ചെയ്യുന്നത്. വെബ്സൈറ്റിലൂടെ ആണെങ്കിൽ മാസം 650 രൂപ വീതവും, മൊബൈലിലാണെങ്കിൽ മാസം 900 രൂപയുമാണ് ഇതിനായി ചെലവാക്കേണ്ടി വരിക.
7800 രൂപയാണ് വാർഷിക സബ്‌സ്‌ക്രിപ്ഷൻ നിരക്കായി കമ്പനി പറയുന്നത്. എന്നാൽ ഇപ്പോൾ വാർഷിക സബ്‌സ്‌ക്രിപ്ഷനിൽ 1000 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. അതായത് ഉപഭോക്താവിന് ഇപ്പോൾ 6800 രൂപ മുടക്കി വാർഷിക സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. 90 ദിവസം എങ്കിലും ഉപയോഗിച്ച അക്കൗണ്ടുകൾക്ക് മാത്രമേ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുകയുള്ളു. ഇത് ലഭിക്കുന്നത് വഴി ഉപയോക്താക്കൾക്ക് ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും, സമയം കൂടുതൽ ഉള്ള വിഡിയോകൾ അപ്‌ലോഡ് ചെയ്യാനും കഴിയും. അത് മാത്രമല്ല സാധാരണ ഉപയോക്താവിന് കാണേണ്ടി വരുന്ന പരസ്യങ്ങളുടെ 50 ശതമാനം മാത്രമേ സബ്സ്ക്രൈബ് ചെയ്ത യൂസർക്ക് കാണേണ്ടി വരികയുള്ളു.