ലോകം ഈ വർഷത്തെ പ്രണയദിനം അടുത്തയാഴ്ച ആഘോഷിക്കാനിരിക്കെ, ആഗോള കമ്പ്യൂട്ടർ സുരക്ഷാ കമ്പനിയായ മക്അഫീ കോർപ്പറേഷൻ അതിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യൻ മുതിർന്നവർ ഇപ്പോൾ പ്രണയലേഖനങ്ങൾ എഴുതാൻ ചാറ്റ് ജി പി ടി ഉപയോഗിക്കുന്നതായി പറയുന്നു. ഇതിൽ 78% ഇന്ത്യക്കാർക്കും മനുഷ്യനും AI ടൂളും എഴുതിയ പ്രണയ ലേഖനങ്ങൾ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും വെളിപ്പെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇൻറർനെറ്റും പ്രണയബന്ധങ്ങളെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നുവെന്ന് മനസിലാക്കാൻ, മക്കാഫിയുടെ മോഡേൺ ലവ് ഗവേഷണ റിപ്പോർട്ടിനായി ഒമ്പത് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി 5,000 പേരോട് വരെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരി 27 നും ഫെബ്രുവരി 1 നും ഇടയിൽ 18 വയസും അതിൽ കൂടുതലുമുള്ള ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഇമെയിൽ വഴിയാണ് ഇത്തരത്തിലൊരു സർവേ നടത്തിയത്. ഇത് പ്രകാരം ഇന്ത്യയിൽ 62 ശതമാനം ആളുകളും തങ്ങളുടെ വാലന്റൈൻസ് ഡേ ലവ് ലെറ്ററുകൾ എഴുതുന്നതിനായി AI ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി കണ്ടെത്തി, അതേസമയം 73% പേർ അവരുടെ ഡേറ്റിംഗ് പ്രൊഫൈലുകൾ മെച്ചപ്പെടുത്തുന്നതിനും ചാറ്റ് ജി പി ടി പോലുള്ള AI ടൂളുകൾ ഉപയോഗിക്കുന്നുണ്ട്.