2022-ൽ ഏകദേശം 2,00,000 പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻസ് ഇൻസ്റ്റാളറുകൾ (മാൽവെയർ) കണ്ടെത്തി, ഇത് മുൻ വർഷത്തെ കണക്കുകളേക്കാൾ ഇരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തി. ഒരു ഉപയോക്താവിനെ കബളിപ്പിക്കാൻ അതിന്റെ യഥാർത്ഥ ഉള്ളടക്കം മറച്ചുവെക്കുന്ന ഒരു തരം മാൽവെയറാണ് ട്രോജൻ, അല്ലെങ്കിൽ ട്രോജൻ ഹോഴ്സ്. സൈബർ സുരക്ഷാ സ്ഥാപനമായ കാസ്‌പെർസ്‌കി തയ്യാറാക്കിയ 2022 മൊബൈൽ ത്രെറ്റ്‌സ് റിപ്പോർട്ട് അനുസരിച്ച്, മൊബൈൽ ബാങ്കിംഗ് ട്രോജനുകളുടെ എണ്ണത്തിലെ ഈ ഭയാനകമായ കുതിച്ചുചാട്ടം കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് എന്ന് പറയാം.
ഓൺലൈൻ ബാങ്കിംഗ്, ഇ-പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റ തട്ടിയെടുക്കാൻ ഉപയോഗിക്കുന്ന മൊബൈൽ ബാങ്കിംഗ് ട്രോജനുകളാണ് ഏറ്റവും അപകടകരമായ മൊബൈൽ ഭീഷണികളിൽ ഒന്ന്. ഔദ്യോഗികവും അനൗദ്യോഗികവുമായ ആപ്പ് സ്റ്റോറുകൾ വഴി സൈബർ കുറ്റവാളികൾ ട്രോജൻ ബാങ്കർ മാൽവെയർ പ്രചരിപ്പിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.