ധാർമ്മികവും ഉത്തരവാദിത്തവും സുസ്ഥിരവുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കണ്ടുപിടിത്തങ്ങൾ ഉറപ്പാക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന മുഴുവൻ AI എത്തിക്‌സ് ടീമിനെയും മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. AI എത്തിക്‌സ് ടീമിലെ പിരിച്ചുവിടലുകൾ, മൈക്രോസോഫ്റ്റ് നേരത്തെ പ്രഖ്യാപിച്ച വലിയ തൊഴിൽ വെട്ടിക്കുറവിന്റെ (10,000 ജീവനക്കാർ) ഭാഗമാണ് എന്ന് പറയാം. എന്നിരുന്നാലും മൈക്രോസോഫ്റ്റിന് ഇപ്പോഴും ഉത്തരവാദിത്തമുള്ള AI യുടെ ഒരു സജീവ ഓഫീസ് തന്നെ ഉണ്ട്. 

എഐ ഉൽപ്പന്നങ്ങളും അനുഭവങ്ങളും സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും വികസിപ്പിക്കുന്നതിന് മൈക്രോസോഫ്റ്റ് പ്രതിജ്ഞാബദ്ധമാണ്, ഇതിന് മുൻഗണന നൽകുന്ന ആളുകൾ, പ്രക്രിയകൾ, പങ്കാളിത്തം എന്നിവയിൽ നിക്ഷേപിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്, എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, ഉത്തരവാദിത്തമുള്ള AI തത്ത്വങ്ങൾ അതിന്റെ ഉൽപ്പന്നങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ എത്തിക്‌സ് ആൻഡ് സൊസൈറ്റി ടീം ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് ജീവനക്കാർ പറഞ്ഞു. 2020-ൽ എഞ്ചിനീയർമാർ, ഡിസൈനർമാർ, തത്ത്വചിന്തകർ എന്നിവരുൾപ്പെടെ 30 ഓളം ജീവനക്കാരാണ് എത്തിക്‌സ് ആൻഡ് സൊസൈറ്റി ടീമിൽ ഉണ്ടായിരുന്നത്.