1 ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് തമിഴ്‌നാടിന് പിന്നാലെ കർണാടകത്തിലും ആപ്പിൾ ഐഫോൺ നിർമാണ ഫാക്ടറിക്ക് തുടക്കം കുറിക്കുന്നു. കർണാടകയിൽ 300 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പുതിയ ഫാക്ടറിയിൽ ആപ്പിൾ ഐഫോണുകൾ നിർമിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അറിയിച്ചു. ഇതിലൂടെ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്നും അവർ പറഞ്ഞു.
തമിഴ്‌നാടിന് ശേഷം ഐഫോൺ നിർമ്മാണ യൂണിറ്റുള്ള രണ്ടാമത്തെ ഇന്ത്യൻ സംസ്ഥാനമായി മാറുകയാണ് ഇതോടെ കർണാടക. 2017 മുതൽ ഇന്ത്യയിൽ ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്നുണ്ട്. ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന അസംബ്ലറായ തായ്‌വാനീസ് സ്ഥാപനമായ ഫോക്‌സ്‌കോൺ, തമിഴ്‌നാട്ടിലെ ചെന്നൈയുടെ അടുത്ത പ്രദേശമായ ശ്രീപെരുമ്പത്തൂർ ഫാക്ടറിയിൽ സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നുണ്ട്. ജെപി മോർഗനിലെ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, 2025 ഓടെ എല്ലാ ഐഫോണുകളുടെയും 25% ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന തരത്തിൽ ആപ്പിൾ തങ്ങളുടെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കും എന്നാണ്. ആപ്പിൾ തങ്ങളുടെ നിർമ്മാണ പ്രക്രിയയുടെ ഭാഗങ്ങൾ ചൈനയിൽ നിന്ന് നീക്കുന്നതായും പ്രഖ്യാപനം കാണാം.