ഡവലപ്പർമാരും മറ്റും ഏറെയായി കാത്തിരുന്ന ഗൂഗിൾ I/O 2023 ഇവന്റ് മെയ് 10-ന് മൗണ്ടൻ വ്യൂവിലെ ഷോർലൈൻ ആംഫി തിയേറ്ററിൽ നിന്ന് തത്സമയം നടക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ ഇവന്റ് പരിമിതമായ പ്രേക്ഷകർക്ക് മുന്നിൽ തത്സമയം ആയിരിക്കും സംപ്രേക്ഷണം ചെയ്യുക. ഏതൊരാൾക്കും ഓൺലൈനിലൂടെ ഇത് ആക്സസ് ചെയ്യാനാകും. ഇവന്റിനുള്ള രജിസ്ട്രേഷൻ സൗജന്യമാണ്, ഇതിനകം തന്നെ ഇതിനു വേണ്ടിയുള്ള രജിസ്‌ട്രേഷനും നടന്നു വരികയാണ്. ഈ വർഷം ഇതിനായി ടിക്കറ്റ് ഇല്ലെന്ന് ഗൂഗിൾ പറയുന്നുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്യുന്നതിലൂടെ എല്ലാവർക്കും ഓൺലൈനായി ഇതിൽ പങ്കെടുക്കാം. ഗൂഗിൾ I/O-യിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.
ഗൂഗിൾ ഈ വർഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടുള്ള പ്രതിബദ്ധതയ്ക്ക് മുൻഗണന നൽകുമെമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ പുതിയ ബിങ് AI, ചാറ്റ് ജി പി ടി പോലുള്ള ജനറേറ്റീവ് AI മോഡലുകൾ എന്നിവയുൾപ്പെടെ AI സാങ്കേതികവിദ്യയിലെ സമീപകാല വികാസങ്ങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. തൽഫലമായി, ഗൂഗിൾ ബാർഡ് എന്ന പേരിൽ സ്വന്തം AI മോഡൽ വികസിപ്പിച്ചെടുത്തു, ഇവന്റ് സമയത്ത് കൂടുതൽ വിശദാംശങ്ങളും പുതിയ അപ്‌ഡേറ്റുകളും പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്.