ചാറ്റ് ജിപിടി-യിലെ ഡാറ്റാ സംരക്ഷണ ആവശ്യങ്ങൾ പൂർത്തിയാക്കുന്നതിന് ഇറ്റലി ഓപ്പൺ എ ഐ -യ്ക്ക് സമയപരിധി നിശ്ചയിച്ചു
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സേവനമായ ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ട് സേവനം രാജ്യത്ത് പുനരാരംഭിക്കുന്നതിന്, ഡാറ്റ പരിരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇറ്റലിയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ഏജൻസി ബുധനാഴ്ച ഓപ്പൺ എ ഐ യ്ക്ക് സമയപരിധി നിശ്ചയിച്ചു. ഏപ്രിൽ അവസാനത്തോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൂർത്തിയാക്കണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്. മാർച്ച് 31-ന്, ഗാരന്റെ എന്നറിയപ്പെടുന്ന ഏജൻസി ഇതിനെ താൽക്കാലികമായി നിയന്ത്രിക്കുകയും സ്വകാര്യതാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തതിനെത്തുടർന്നാണ്, മൈക്രോസോഫ്റ്റ് കോർപ്പറേഷന്റെ പിന്തുണയുള്ള ഓപ്പൺ എ ഐ ഇറ്റലിയിൽ ചാറ്റ് ജിപിടി സേവനം ഓഫ്‌ലൈൻ ആയത്.
ചാറ്റ് ജി പി ടി ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിൽ ഓപ്പൺ എ ഐ പരാജയപ്പെട്ടുവെന്ന് ഇറ്റാലിയൻ ഏജൻസി കുറ്റപ്പെടുത്തുകയും വ്യക്തിഗത ഡാറ്റയുടെ വൻ ശേഖരണത്തെയും സംഭരണത്തെയും ന്യായീകരിക്കുന്ന ഏതെങ്കിലും നിയമപരമായ അടിസ്ഥാനത്തിന്റെ അഭാവത്തെ ഇത് വിമർശിക്കുകയും ചെയ്തു. ഓപ്പൺഎഐക്കെതിരെ നീങ്ങിയ ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ഇറ്റലി, എന്നാൽ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വികസനം നിരവധി രാജ്യങ്ങളിലെ നിയമനിർമ്മാതാക്കളിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും ശ്രദ്ധ ആകർഷിച്ചു.