എല്ലാ ഫെഡറൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളിൽ നിന്നും ടിക് ടോക്കിന് ഓസ്‌ട്രേലിയയുടെ വിവേചനപരമായ നിരോധനം ഓസ്‌ട്രേലിയൻ ബിസിനസുകളുടെയും പൊതുജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഹാനികരമാണെന്ന് ചൈന പറഞ്ഞു. എല്ലാ സ്ഥാപനങ്ങളോടും നീതിപൂർവ്വം പെരുമാറണമെന്ന്, വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ടിക് ടോക്കിനെ ഓസ്‌ട്രേലിയ കൈകാര്യം ചെയ്യുകയും ഓസ്‌ട്രേലിയയുടെ ദേശീയ സുരക്ഷ നിലനിർത്തുന്നതിന് അനുയോജ്യമല്ലാത്ത വിവേചനപരമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ചെയ്തു എന്ന് പ്രസ്താവനയിൽ പറയുന്നു. 

ഉഭയകക്ഷി സാമ്പത്തിക, വ്യാപാര സഹകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ചൈന ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു. അതേസമയം, യുഎസിൽ രാജ്യവ്യാപകമായി നിരോധനം നേരിടുന്ന ചൈനീസ് ഷോർട്ട് വീഡിയോ നിർമ്മാണ പ്ലാറ്റ്‌ഫോമായ ടിക് ടോകിന് ദേശീയ സുരക്ഷയുടെ പേരിൽ 2020 ജൂണിൽ ഇന്ത്യൻ സർക്കാർ ആപ്പ് നിരോധിച്ചിരുന്നു. ഫോർബ്‌സിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ, കമ്പനിയിലെ ജീവനക്കാർക്കും അതിന്റെ ബീജിംഗ് ആസ്ഥാനമായുള്ള മാതൃസ്ഥാപനമായ ബൈറ്റ്‌ഡാൻസ്‌സിനും വ്യാപകമായി ആക്‌സസ് ചെയ്യാൻ കഴിയും എന്ന ആശങ്കയിന്മേലായിരുന്നു ഈ തീരുമാനം.