ചാറ്റുകൾ ലോക്ക് ചെയ്യാനും സ്വകാര്യ ഫോട്ടോകൾ മറയ്ക്കാനും കഴിയുന്ന വാട്സ് ആപ്പിന്റെ പുതിയ ഫീച്ചർ ഉടൻ വന്നേക്കും
ലോകമെമ്പാടുമുള്ള വാട്സ് ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത എത്തിയിരിക്കുകയാണ്, മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് ഒരു പ്രധാന പുതിയ അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് ചാറ്റുകൾ ലോക്ക് ചെയ്യാനും അവ മറച്ചുവെക്കാനുമുള്ള ഫീച്ചർ കൊണ്ടുവരാൻ വാട്ട്‌സ്ആപ്പ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പരീക്ഷണത്തിനായി ബീറ്റ ഉപയോക്താക്കൾക്ക് ഈ സവിശേഷത ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ചാറ്റുകൾക്കായുള്ള പുതിയ സ്വകാര്യത ഫീച്ചറുകളും ഒരു തവണ മാത്രം പ്ലേ ചെയ്യാനാകുന്ന ഓഡിയോ സന്ദേശങ്ങൾ അയക്കാനുള്ള കഴിവും പ്രഖ്യാപിച്ചതിന് ശേഷം, വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചറിൽ പ്രവർത്തിക്കുന്നു എന്നാണ് പറയുന്നത്, ഇത് വഴി ഉപയോക്താക്കൾക്ക് അവരുടെ ഫിംഗർപ്രിന്റ് അല്ലെങ്കിൽ പാസ്‌കോഡ് ഉപയോഗിച്ച് പ്രത്യേക ചാറ്റുകൾ ലോക്ക് ചെയ്യാൻ കഴിയും എന്ന് WABetaInfo റിപ്പോർട്ട് ചെയ്തു. ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സെൻസിറ്റീവ് സംഭാഷണങ്ങൾ മറ്റൊരാളിൽ നിന്ന് സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.