സംസ്ഥാനസർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ( കെ - ഫോൺ) നിലവിൽ വന്നു. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിച്ചു. വിവര - സാങ്കേതിക രംഗത്ത് രാജ്യം വളർച്ചയുടെ ഉന്നതിയിലേക്ക് കുതിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടി സർക്കാർ കെ ഫോൺ പദ്ധതി ആരംഭിക്കുന്നത്. ഇന്റർനെറ്റ് ബ്രോഡ്ബാന്റ് സേവന മേഖലയിൽ സ്വകാര്യ കമ്പനികളുടെ ആധിപത്യമാണ്. ആ മേഖലയിലാണ് കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്.

പദ്ധതിയുടെ പ്രാരംഭഘട്ടം തുടങ്ങിയ 2020-ൽ കോവിഡും അനുബന്ധമായി വന്ന ലോക് ഡൗണും കാരണം ജോലിയും പഠനവുമൊക്കെ ഓൺലൈനായി. മതിയായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും മൊബൈലടക്കമുള്ള ഡിവൈസുകളുമില്ലാതെ വന്നതോടെ ജനങ്ങൾ വല്ലാതെ ബുദ്ധിമൂട്ടി. ഇന്റർനെറ്റിന്റെ ആവശ്യകത വളരെ വ്യക്തമായ കാലം. അന്നാണ് ഒന്നാം പിണറായി വിജയൻ സർക്കാർ കെ ഫോൺ പദ്ധതി പ്രഖ്യാപിച്ചത്.

അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന് പ്രഖ്യാപിച്ചപ്പോൾ അത് ഒരു സ്വപ്നമായിട്ട് മാത്രമേ സാധാരണഗതിയിൽ കണക്കാക്കിയിരുന്നുള്ളൂ. പക്ഷേ, അത് ഇവിടെ യാഥാർഥ്യമാകുകയാണ്. കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും കെ ഫോൺ വഴി ബ്രോഡ്ബാന്റ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Image SourceGoogle